തിരുവനന്തപുരം: കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥൻ രംഗത്ത്. മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പരിപാടിയിലൂചെ ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എന്തിനാണ് ഇത്തരത്തിലൊരു നടപടിയെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണച്ച നേതാവാണ് ശബരീനാഥൻ.
‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും.