തിരുവനന്തപുരം: അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്. അനില്‍ ആന്റണിയെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ വിളിക്കാന്‍ താനാളല്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മാറി നില്ക്കാമായിരുന്നു. കെപിസിസി ഡിജിറ്റല്‍ മിഡിയ സെല്ലിന്റെ തലവനാകാന്‍ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അദ്ദേഹം. പാര്‍ട്ടി വിടാതെ നൂറു ശതമാനം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നില്‍ക്കേണ്ടതായിരുന്നുവെന്നും ശബരീനാഥന് പറഞ്ഞു.
എനിക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. അതുപോലെ എതിരഭിപ്രായമുള്ള കാര്യങ്ങളെ അദ്ദേഹത്തിന് വിമര്‍ശിക്കാമായിരുന്നു. പാര്‍ട്ടിക്കകത്തു നിന്നോ പുറത്ത് സ്വതന്ത്രമായി നിന്നോ വിമര്‍ശിക്കാന്‍ കഴിയും. അതിന് മുതിരാതെ പാര്‍ട്ടി വിട്ടത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.