തിരുവനന്തപുരം : കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ്. എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെ എസ് ഇ ബി ചെയർമാൻ നോട്ടിസ് അയച്ചിരിക്കുന്നത്. പ്രതികാര നടപടി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് പിഴ നോട്ടിസ്. ഇതിനിടെ വൈദ്യുതി ബോര്‍ഡിലെ തര്‍ക്കം പരിഹരിക്കാനായി വൈദ്യുതി മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതില്‍ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ വൈദ്യുത ഭവന്‍ വളയല്‍ സമരം നടത്തിയിരുന്നു. ഇന്നലെ വൈദ്യുതിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് നടന്നില്ല. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച വച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.