കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നുമാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത്. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. വൈദ്യുത കണക്ഷൻ ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.