തിരുവനന്തപുരം: സംസ്ഥാനത്ത് പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണെന്ന് കെ.എസ്.ഇ.ബി. ലോഡ് കൂടുകയും ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലക്കുകയുമാണ്. ഇതുസംബന്ധിച്ച പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
പരാതി അറിയിക്കാന്‍ സെക്ഷന്‍ ഓഫിസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണം കൂടിവരുന്നു. സെക്ഷന്‍ ഓഫിസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റിസീവര്‍ മാറ്റി വെക്കുന്നെന്ന ആരോപണവുമുണ്ട്. ഒരു ഓഫിസിലും ബോധപൂര്‍വം ഫോണ്‍ എടുക്കാത്ത പ്രവണതയില്ല.
ഒരു ലാന്‍ഡ് ഫോണ്‍ മാത്രമാണ് സെക്ഷന്‍ ഓഫിസുകളില്ലുള്ളത്. ഒരു സെക്ഷന് കീഴില്‍ 15,000 മുതല്‍ 25,000 വരെ ഉപഭോക്താക്കള്‍ ഉണ്ടാകും. ഉയര്‍ന്ന ലോഡ് കാരണം ഒരു 11 കെ.വി ഫീഡര്‍ തകരാറിലായാല്‍തന്നെ ആയിരത്തിലേറെ പേര്‍ക്ക് വൈദ്യുതി മുടങ്ങും. ഇതില്‍ ചെറിയൊരു ശതമാനം പേര്‍ സെക്ഷന്‍ ഓഫിസിലെ നമ്പരില്‍ വിളിച്ചാല്‍പ്പോലും ഒരാള്‍ക്കുമാത്രമാണ് സംസാരിക്കാന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് ഫോണ്‍ ബെല്ലടിക്കുന്നതായോ എന്‍ഗേജ്ഡായോ ആകും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നതെന്നും അറിയിപ്പിൽ പറയുന്നു.
വാട്സ്ആപ് വഴി പരാതി അറിയിക്കാം
9496001912 എന്ന മൊബൈല്‍ നമ്പറിലേക്ക് വിളിച്ചും വാട്സാപ് സന്ദേശമയച്ചും വൈദ്യുത മുടക്കം സംബന്ധിച്ച പരാതി അറിയിക്കാം. സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ച് കിട്ടാതെവരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ.എസ്.ഇബിയുടെ സെന്‍ട്രലൈസ്ഡ് കോള്‍ സെന്ററിലേക്ക് വിളിക്കാം. വിളിക്കുംമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കും.