തിരുവനന്തപുരം : കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഇന്ന് അവസാനിപ്പിക്കും. ചെയര്‍മാനുമായി സമരസമിതി നേതാക്കള്‍ ഇന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. സമരസമിതി ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളൊന്നും പൂർണ്ണമായും അംഗീകരിക്കില്ല. വൈദ്യുതി ഭവനിലെ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ പിന്‍വലിക്കില്ലെങ്കിലും യൂണിയനുകള്‍ക്ക് കൂടി സ്വീകാര്യമായ രീതിയില്‍ പുനര്‍ വിന്യസിച്ചുകൊണ്ടാകും ഒത്തുതീർപ്പ് ഉണ്ടാവുക. കെഎസ്ഇബി ചെയര്‍മാന്‍റെ വെളിപ്പെടുത്തലുകള്‍, സമരസമിതിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ്, ഇരുപക്ഷത്തിനും പരിക്കില്ലാത്ത തരത്തിൽ ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങൾ എത്തിയത്.
ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം, മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നതോടെയാണ്,സമരം അവസാനിപ്പിക്കാന്‍ നേതാക്കൾ ഇടപെട്ട് ധാരണയിലെത്തിയത്. ഭാവിയില്‍ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സംഘടനകളെ വിശ്വാസത്തിലെടുക്കുമെന്ന ഉറപ്പ് നല്‍കും. ചെയര്‍മാനും ട്രേഡ് യൂണിയനുകള്‍ക്കും പരിക്കില്ലാത്ത ഒത്തുതീര്‍പ്പിനാണ് ധാരണയായിരിക്കുന്നത്. ഇന്ന് സമരസമിതിയും ചെയര്‍മാനുമായുള്ള ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കുന്നതില്‍ പ്രഖ്യാപനമുണ്ടാകും..
ഇടത് ട്രേഡ് യൂണിയനുകള്‍ക്കെതിരെ കെഎസ്ഇബി ചെയര്‍മാൻ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ച ക്രമക്കേടുകള്‍ പ്രതിപക്ഷം ആയുധമാക്കിക്കഴിഞ്ഞു. ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നത് സമരസമിതിയേയും ഇടതുമുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തമായ ഉറപ്പൊന്നുമില്ലാതെ സമരം അവസാനിപ്പിക്കാനൊരുങ്ങുന്നത്. വെളിപ്പെടുത്തലുകള്‍ നടത്തിയ ചെയര്‍മാനെതിരെ നിമസഭാ സമ്മേളന കാലത്ത് നടപടിയും ഉണ്ടാകില്ല. ചെയര്‍മാനെതിരായ യൂണിയനുകളുടെ ആരോപണത്തിലും, ചെയര്‍മാന്റെ വെളിപ്പെടുത്തലുകളിലും അന്വേഷണം നടത്തി, തത്ക്കാലം വിവാദം ഒഴിവാക്കാനാണ് മുന്നണി തലത്തിലെ ധാരണ.
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായുള്ള ചര്‍ച്ചക്കു ശേഷം സമരസമിതി നേതാക്കളാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് കാര്യങ്ങൾ എത്തിയതായി അറിയിച്ചത്. സമരസമിതിക്ക് സ്വീകാര്യമായ രീതിയില്‍ പ്രശ്ന പരിഹരാത്തിന് ചെയര്‍മാന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെയർമാനുമായുള്ള ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന തീരുമാനത്തിലേക്ക് എത്താനാകുമെന്നാണ് പ്രതിക്ഷയെന്നും ട്രേഡ് യൂണിയന്‍ നേതാക്കളമായ ടി.ഹരിലാലും, എം.പി.ഗോപകുമാറും അറിയിച്ചു.