ആലപ്പുഴ > ക്രിസ്‌മസ് അവധിക്കാലം ആഘോഷമാക്കാൻ കൂടുതൽ ബജറ്റ് ടൂറിസം ട്രിപ്പുകളുമായി കെഎസ്‌ആർടിസി. ആലപ്പുഴ ജില്ലയിലെ ഏഴ് ഡിപ്പോയിൽനിന്നാണ് ഗവി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കും ആരാധനാകേന്ദ്രങ്ങളിലേക്കും സർവീസ് നടത്തുക. വിവിധ ഡിപ്പോകളിൽനിന്നുള്ള വിനോദസഞ്ചാര സർവീസുകൾക്ക് ഉച്ചഭക്ഷണവും ബോട്ടിങ് എൻട്രി ഫീസും ബസ്ചാർജും ഉൾപ്പെടെ 2000ൽ താഴെ മാത്രമാണ് കെഎസ്‌ആർടിസി ഈടാക്കുന്നത്.
തിങ്കൾ രാവിലെ ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് ഗവി- പരുന്തുംപാറ യാത്ര പുറപ്പെടും. 1450 രൂപയാണ് ടിക്കറ്റ് നിരക്ക്. 28ന് മാവേലിക്കരയിൽനിന്നുള്ള ഗവി- പരുന്തുംപാറ യാത്രയ്‌ക്ക് 1500 രൂപയാണ് ചാർജ്. 29ന് എടത്വയിൽനിന്നുള്ള യാത്രയ്‌ക്ക് 1550 ഉം 29ന് ചേർത്തലയിൽനിന്നുള്ള ഗവിയാത്രയ്‌ക്ക് 1850 രൂപയുമാണ് ചാർജ്.
തീർഥാടനത്തിനും തയ്യാർ
ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീപാർവതിദേവിയുടെ നടതുറപ്പ് ഉത്സവത്തിന്റെ ഭാഗമായി ജില്ലയിൽനിന്ന് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ 24 സർവീസ് നടത്തും. ആലപ്പുഴയിൽനിന്ന് മൂന്ന്, മാവേലിക്കര- അഞ്ച്, ഹരിപ്പാട് – അഞ്ച്, എടത്വ- രണ്ട്, ചെങ്ങന്നൂർ- മൂന്ന്, ചേർത്തല- ഒന്ന്, കായംകുളം- അഞ്ച് എന്നിങ്ങനെയാണ് സർവീസ്. വർഷം 12 ദിവസം മാത്രം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം.
നവംബറിൽ 1441 യാത്രക്കാർ; 7,44,901 രൂപ കളക്ഷൻ
കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ ആലപ്പുഴ നവംബറിൽ നടത്തിയ യാത്രകളിൽനിന്ന് സമാഹരിച്ചത് 7,44,901 രൂപ. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര- തീർഥാടന കേന്ദ്രങ്ങളിലേക്ക് നടത്തിയ 32 യാത്രകളിൽനിന്നാണ് തുക സമാഹരിച്ചത്. 1441 യാത്രക്കാർ നവംബറിൽ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി. 16 സർവീസും 785 യാത്രക്കാരും 2,02,250 കളക്ഷനുമായി ചെങ്ങന്നൂർ ഡിപ്പോയാണ് മുന്നിൽ. പിന്നാലെ ആലപ്പുഴ (നാല്, 163, 185580), മാവേലിക്കര (നാല്, 145, 149800), ചേർത്തി (മൂന്ന്, 136, 85750), കായംകുളം (മൂന്ന്, 139, 47841), എടത്വ (ഒന്ന്, 49, 35280), ഹരിപ്പാട് (ഒന്ന്, 24, 38400) ഡിപ്പോകളാണ്.