തിരുവനന്തപുരം: നേമത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസിൽ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ 22 -ന് രാത്രിയാണ് വീട്ടുപരിസരത്ത് പാർക്ക് ചെയ്തിരുന്ന മലയിൻകീഴ് മച്ചേൽ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാർ ഡാം പൊലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രി മലയിൻകീഴ് ഇൻസ്പെക്ടർ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ജൂൺ 21ന് നേമം സ്റ്റേഷൻ പരിധിയിലെ വെള്ളായണി ജങ്ഷനിൽ വച്ച് കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.