കോഴിക്കോട്: താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയായ എൽഎൽബി വിദ്യാർത്ഥിനിക്ക് രക്ഷകരായികെഎസ്ആർടിസി ബസ്സ് ജീവനക്കാർ. ഉടൻ തന്നെ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്ന് കയറിയ കുറ്റിപ്പുറം കെ എം സി ടി കോളേജിലെ എൽഎൽബി വിദ്യാർത്ഥിനിയായായ വൈത്തിരി രോഹിണിയിൽ ഋതികയാണ് ബസ്സിൽ തളർന്നുവീണത്.
വിദ്യാർത്ഥിനി തളർന്നുവീണതിനെ തുടർന്ന് ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ബസ് കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആർ രാജനും ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് സ്വദേശി എം.വിനോദും തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഋതികയുടെ ചികിത്സ ഉറപ്പാക്കിയ ശേഷം മാത്രമാണ് ബസ് യാത്ര തുടർന്നത്.












