ശബരിമല: പമ്പ സ്പെഷൽ സർവീസിന് എത്തിയ കെഎസ്ആർടിസി കണ്ടക്ടർ പി.എൻ.സന്തോഷിനെ (49) വാക്കു തർക്കത്തെ തുടർന്നു കെഎസ്ആർടിസി സ്പെഷൽ ഓഫിസർ മർദിച്ചു. കണ്ടക്ടറെ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന
ഡിപ്പോയിൽ നിന്നു ചെങ്ങന്നൂർ-പമ്പ സ്പെഷൽ സർവീസിനായി എത്തിയതായിരുന്നു സന്തോഷ്.
ബുധനാഴ്ച വൈകിട്ട് ചെങ്ങന്നൂരിൽനിന്നു പമ്പയ്ക്കുള്ള യാത്രാമധ്യേ നിലയ്ക്കൽ സ്റ്റാൻഡിൽ എത്തിയപ്പോഴാണു പ്രശ്നങ്ങളുടെ തുടക്കം. രണ്ടു യാത്രക്കാർ കുട്ടിയുമായി പ്രാഥമിക ആവശ്യത്തിനു പുറത്തിറങ്ങി. കൺട്രോളിങ് വിഭാഗത്തിൽ നിന്നു ബസ് വിട്ടു പോകാൻ നിർദേശം നൽകിയിട്ടും യാത്രക്കാരെ കാത്തു ബസ് പോകാതെ കിടന്നു. പുറത്തിറങ്ങിയവർ വരാൻ വൈകിയപ്പോൾ ബസ് മുന്നോട്ടു നീക്കിയിടാൻ കണ്ടക്ടർ മണിയടിച്ചു. അയ്യപ്പന്മാർ ബഹളം കൂട്ടിയതിനെ തുടർന്നു കൺട്രോളിങ് ഇൻസ്പക്ടർ കണ്ടക്ടറുടെ വേ ബില്ല് വാങ്ങി പേര് കുറിച്ചെടുത്തു. ഇതേ ചൊല്ലി തർക്കം ഉണ്ടായി.
ബസ് പമ്പയിൽ എത്തിയപ്പോൾ കൺട്രോളിങ് ഇൻസ്പക്ടർ എത്തി കണ്ടക്ടറുടെ മൊഴിയെടുത്തു. ചെയ്യാത്ത കുറ്റത്തിനു നടപടി എടുക്കരുതെന്നു കണ്ടക്ടർ പറഞ്ഞതോടെ ഉദ്യോഗസ്ഥരുമായി തർക്കമായി. തർക്കം മൂത്തു കയ്യാങ്കളിയിൽ എത്തി. സ്പെഷൽ ഓഫിസർ മർദിക്കുകയും നെഞ്ചത്തു ചവിട്ടുകയും ചെയ്തതായി കണ്ടക്ടർ പൊലീസിൽ പരാതിപ്പെട്ടു. പമ്പ ഗവ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കു ശേഷം സന്തോഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കണ്ടക്ടർ മർദിച്ചതായി കെഎസ്ആർടിസി പമ്പ സ്പെഷൽ ഓഫിസർ ഷിബു കുമാർ പറഞ്ഞു. പമ്പ പൊലീസിൽ പരാതി നൽകി. സന്തോഷിനെതിരെ നടപടിക്കു ചീഫ് ഓഫിസിലേക്കു റിപ്പോർട്ട് നൽകിയതായും അദ്ദേഹം പറഞ്ഞു. മുൻപു വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സ്പെഷൽ ഒാഫിസറെന്നു യൂണിയനുകൾ ആരോപിച്ചു.