തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള കൂപ്പണ്‍ വിതരണം വൈകും.
ആവശ്യക്കാരുണ്ടെങ്കിൽ മാത്രം കൂപ്പൺ ഇറക്കും. എത്ര പേർക്ക് കൂപ്പണ്‍ ആവശ്യമുണ്ടെന്ന് അറിയിക്കാൻ ജില്ലാ ഓഫീസുകൾക്ക് കത്ത് അയച്ചു. കൂപ്പണുകൾ കൈപ്പറ്റില്ലെന്ന് സി ഐ ടി യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സിവില്‍ സപ്ലൈസ് കോര്പ്പറേഷന്, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡക്സ്, ഹാന്‍വീവ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കൂപ്പണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടി രൂപ അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് ആദ്യഘട്ടം നൽകേണ്ടത്.
ബാക്കി തുക കൂപ്പണുകളും വൗച്ചറുകളുമായി നൽകാനും ഹൈക്കോടതി നിർദേശിച്ചു. കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. നേരത്തെ ഹർജി പരിഗണിക്കവേ 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.