തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എംഡി ബിജു പ്രഭാകർ ഐഎഎസ് വിളിച്ച യൂണിയനുകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കൃത്യമായ ശമ്പളം അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ പണിമുടക്കിൽനിന്ന് പിൻമാറില്ലെന്ന് കോൺഗ്രസ് സംഘടനയായ ടിഡിഎഫും, ബിഎംഎസും യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ, 28ന് നടത്താനിരുന്ന പണിമുടക്ക് സിഐടിയു മാറ്റിവച്ചു. എംഡിയുടെ ചർച്ചയിൽ പല വിഷയങ്ങളിലും തീരുമാനമാകാത്തതിനാൽ 25ന് ഗതാഗത മന്ത്രിയുമായി യൂണിയനുകൾ ചർച്ച നടത്തും.
ശമ്പളം കൃത്യമായി നൽകുന്ന കാര്യത്തിലാണ് പ്രധാനമായും തീരുമാനമാകാത്തത്. ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് നൽകണമെന്ന കരാർ നടപ്പിലാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്, ബിഎംഎസ് യൂണിയനുകൾ ചർച്ചയിൽ വ്യക്തമാക്കി. പ്രതിമാസ ശമ്പളം കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ 680 രൂപയിൽ കൂടുതൽ ഡ്യൂട്ടി സറണ്ടർ ഇനത്തിൽ അനുവദിക്കാൻ കഴിയില്ലെന്നും 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായത്തിലേക്കു പോകണമെന്നുമുള്ള കോർപറേഷന്റെ നിർദേശം തൊഴിലാളി സംഘടനകൾ അംഗീകരിച്ചില്ല. ഇക്കാര്യം വിശദമായി പഠിച്ചശേഷമേ നടപ്പിലാക്കൂ എന്ന് എംഡി ഉറപ്പു നൽകി.
അധികമായി വരുന്ന മെക്കാനിക്കൽ ജീവനക്കാരെ പുനർവിന്യസിക്കുന്നതായിരുന്നു യോഗത്തിലെ ഒരു അജണ്ട. ടിക്കറ്റ് ആൻഡ് ക്യാഷിലേക്കും ഫ്യൂവൽ ഔട്ട്ലറ്റിലേക്കും ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുമാണ് ഇവരെ മാറ്റി നിയമിക്കാൻ കോർപറേഷൻ ആലോചിക്കുന്നത്. ഇക്കാര്യത്തിലും തീരുമാനമായില്ല. മാസത്തിൽ 20 ഹാജർ ഇല്ലാത്തവർക്കു ശമ്പളമില്ലെന്ന ഉത്തരവ് പിൻവലിക്കുന്നതായി എംഡി അറിയിച്ചെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. ഷെഡ്യൂൾ പരിഷ്ക്കരിക്കുന്നതിന് ജില്ലാ തലത്തിൽ യൂണിയനുകളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായും അവർ പറഞ്ഞു.