തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് നീക്കം. 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റാണെടുക്കുക. കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം വിതരണം ചെയ്യാത്തതില്‍ തൊഴിലാളി യൂണിയനുകള്‍ ഓരോ ദിവസവും സമരം കടുപ്പിക്കുകയാണ്. ഈ മാസം 28 ന് ഭരണാനുകൂല സംഘടനകളും അടുത്ത മാസം 6 ന് പ്രതിപക്ഷ സംഘടനയും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരുകയാണ്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം. വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു.