തിരുവനന്തപുരം : കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച് എണ്ണക്കമ്പനി. കെഎസ്ആർടിസിയെ ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് വിനയായത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് തീരുമാനം. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇനി മുതൽ കെഎസ്ആർടിസി നൽകേണ്ടി വരിക.
സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡിസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോർപറേഷന് ഉണ്ടാവുക.
ഒരു മാസം ഇതേ നിരക്കിൽ എണ്ണ വാങ്ങേണ്ടി വന്നാൽ 11.10 കോടി രൂപ കെഎസ്ആർടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബൾക് പർചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാൻസ്പോർട് കോർപറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തിൽ 50000 ൽ കൂടുതൽ ഡീസൽ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്.