തിരുവനന്തപുരം : ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത കെഎസ്ആര്‍ടിസി ജീവനക്കാരനും ബ്രത്തലൈസര്‍ പരിശോധനയില്‍ പണികിട്ടി. വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടിക്കെത്തിയ വി. സുനില്‍ എന്ന ഡ്രൈവര്‍ക്കാണ് ബ്രത്തലൈസര്‍ പണി കൊടുത്തത്. ജീവിതത്തില്‍ നാളിതുവരെ മദ്യപാനശീലം ഇല്ലെന്നാണ് മലയങ്കാവ് സ്വദേശിയായ സുനിലിന്റെ വാദം. 2013 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനായി ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ജോലി ചെയ്തുവരുന്നു. കഴിഞ്ഞ അഞ്ചുമാസമായി വെള്ളറട ഡിപ്പായിലാണ് ജോലി. പതിവുപോലെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ട വെള്ളറട-കോവിലവിള ബസിന്റെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നടത്തിയ ബ്രത്തലൈസര്‍ പരിശോധനയിലാണ് സുനില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ 10 പോയിന്റ് കാണിച്ചതോടെ സുനില്‍ ഡ്യൂട്ടിക്ക് അയോഗ്യനായി.
താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നും, ആരോഗ്യകാരണങ്ങളാല്‍ ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചിരുന്നതായുമാണ് സുനില്‍ പറയുന്നത്. തുടര്‍ന്ന് സുനില്‍ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്‌റ്റേഷനിലെ ബ്രത്തലൈസര്‍ ഉപയോഗിച്ച് പോലീസുകാര്‍ പരിശോധന നടത്തിയപ്പോള്‍ പോയിന്റ് സീറോയാണ് കാണിച്ചത്. അതിനിടെ, രാവിലെയുള്ള കെഎസ്ആര്‍ടിസിയുടെ വെള്ളറട-കോവിലവിള സര്‍വീസും മുടങ്ങി. തനിക്കുണ്ടായ ദുരനുഭവത്തില്‍ പരിഹാരം കാണാന്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുനില്‍.