കൊല്ലം : രാമായണ മാസം പ്രമാണിച്ച് തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ നാലമ്പല ദര്‍ശനവും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര യാത്രകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെൽ. തൃശൂര്‍ നാലമ്പലങ്ങളായ തൃപ്രയാര്‍, കൂടല്‍ മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന നാലമ്പല തീര്‍ത്ഥാടനം ഓഗസ്റ്റ് 1, 7, 13, 15 തീയതകളില്‍ രാത്രി എട്ടിന് ആരംഭിച്ച് അടുത്ത ദിവസം വൈകുന്നേരത്തോടെ മടങ്ങി എത്തുന്ന യാത്രയ്ക്ക് 1320 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 9, 10, 15, 16 തീയതികളിലാണ് എറണാകുളം നാലമ്പല യാത്ര. മാമലശ്ശേരി ശ്രീരാമ ക്ഷേത്രം,
മേല്‍മുറി ഭരത ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ ക്ഷേത്രം, മാമലശ്ശേരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാവിലെ 5ന് ആരംഭിച്ച് രാത്രി ഒമ്പതോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 840 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 3, 16 തീയതകളില്‍ കോട്ടയം നാലമ്പല യാത്ര ഉണ്ടായിരിക്കും. ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം ഓഗസ്റ്റ് 10, 14, 15, 23, 30 ദിവസങ്ങളിലാണ്. പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങളാണ് തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുന്നത്. പള്ളിയോട സേവാ സംഘം ഒരുക്കുന്ന വള്ളസദ്യ ഉള്‍പ്പെടെ 910 രൂപയാണ് നിരക്ക്.