തിരുവനന്തപുരം : ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി. 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി. പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്നലയോടെ പൂർത്തിയായിയായിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്. ഓവർ ഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്ത് 70 കോടി രൂപയുമായാണ് പോയ മാസത്തെ ശമ്പള വിതരണം കെഎസ്ആടിസി മാനേജ്മെന്റ് തുടങ്ങിയത്. ശമ്പള വിതരണം പൂർത്തിയാക്കാൻ ആറ് കോടി രൂപ വേണം. 800 ഓളം ഉന്നത ഉദ്യോഗസ്ഥർക്കാണ് ഏപ്രിൽ മാസത്തെ ശമ്പളം ഇനി നൽകാനുള്ളത്. ഇന്നത്തെയും നാളത്തെയും ദിവസ വരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞാൽ ഈ മാസത്തെ ശമ്പളം നൽകാനുള്ള തീയതിയാവും. ഏപ്രിൽ മാസത്തെക്കാൾ പ്രതിസന്ധിയാണ് തൊട്ടു മുന്നിലുള്ളത്. വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പക്ഷെ 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെൻറ് വ്യക്തമാക്കുന്നത്.
എന്നാൽ, എടുത്ത 50 കോടി തിരിച്ചടയ്ക്കാതെ ഓവർഡ്രാഫ്റ്റും കിട്ടില്ല. അതേസമയം, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് യൂണിയനുകൾ. ഇതടക്കമുള്ള ആവശ്യങ്ങളുമായി ആറാം തീയതി മുതൽ സിഐടിയു പ്രക്ഷോഭം തുടങ്ങും.