തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകളുടെ ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ സർവീസുകൾ സാധാരണ നിലയിലാകും. കഴിഞ്ഞ മാസത്തെ ശമ്പളം അഞ്ചാം തീയതി നൽകുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ 24 മണിക്കുർ പണിമുടക്കിയത്. പത്താം തീയതിയെങ്കിലും ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് യൂണിയൻ നേതാക്കളുടെ മുന്നറിയിപ്പ്.
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തിയത്. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്. സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിച്ചു.
കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം.