തിരുവനന്തപുരം: ദീർഘദൂര സർവീസിനായി ആരംഭിച്ച പ്രത്യേക കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്കുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചു. വ്യാഴം വൈകിട്ട് മുതലാണ് ബുക്കിങ് തുടങ്ങിയത്. 11 മുതൽ സർവീസ് ആരംഭിക്കും. വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ഓഫ് നിർവഹിക്കും.
www.online.keralartc.com വെബ്സൈറ്റിലൂടെയും enteksrtc മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ലഭിക്കും. തൽക്കാൽ ടിക്കറ്റും ലഭ്യമാണ്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് എന്നിടങ്ങളിൽനിന്ന് -ബംഗളൂരുവിലേക്കും തിരിച്ചും തിരുവനന്തപുരത്തുനിന്ന് കണ്ണൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, -കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും കോഴിക്കോട്–-മൈസൂരു റൂട്ടുകളിലുമാണ് സർവീസ്.
ആദ്യയാത്രക്കാർക്ക് മടക്ക ടിക്കറ്റ് സൗജന്യം
തിരുവനന്തപുരം -–-ബംഗളൂരു സ്വിഫ്റ്റ് എസി സർവീസിൽ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യം. മൂന്നു മാസത്തിനകം ഉപയോഗിക്കാം. സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകും. വ്യാഴാഴ്‌ച ആരംഭിക്കുന്ന നാല് ഗജരാജ സ്ലീപ്പറിൽനിന്നുള്ള ഓരോ യാത്രക്കാർക്കാണ് ആനുകൂല്യം. തുടർന്ന് 30 വരെ പുതിയ സർവീസിൽ ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യമുണ്ട്. തെരഞ്ഞെടുത്ത റൂട്ടുകളിൽ ടിക്കറ്റിൽ 30 ശതമാനംവരെ ഇളവുമുണ്ട്.