തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ കീഴ്പ്പെടുത്തി. നഗരൂർ സ്വദേശി ആസിഫ് ഖനെ(29)യാണ് സഹയാത്രികര്‍ കീഴ്പ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അഴാംകോണത്തിനു സമീപം എത്തിയപ്പോൾ യാതൊരുവിധ പ്രകോപനവുമില്ലാതെ പെട്ടെന്ന് ഡ്രൈവറുടെ അടുത്തേക്ക് പോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണമേറ്റ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവർ ബസ് റോഡ് വശത്ത് നിർത്തിയത് മൂലം വൻ അപകടമാണ് ഒഴിവാക്കിയത്. തുടർന്ന് സഹ യാത്രികർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി കല്ലമ്പലം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് മറ്റു യാത്രക്കാർ പറയുന്നു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കെ സ്വിഫ്റ്റ് ജീവനക്കാർ തല്ലിയതായി ഓട്ടോക്കാരന്റെ പരാതി ഉയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വാഹനം ഉരസിയതിനെ തുടർന്ന് ബസ് മുന്നിൽ ചവിട്ടി നിർത്തി പുറത്തിറങ്ങി വന്ന കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവൽ എന്ന ഓട്ടോ ഡ്രൈവറിനാണ് മർദ്ദനമേറ്റത്. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനിലാണ് ആക്രമണം നടന്നത്. മെയ് ആദ്യവാരത്തില്‍ മൂന്നാറിൽ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് കുത്തേറ്റിരുന്നു. മലപ്പുറം വെണ്ണിയൂരിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ യുവാവും സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.