തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് ആഗസ്ത് 17 ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം – കാസര്‍കോട് റൂട്ടിലാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ചെയ്യും. 27 സീറ്റുകളും 15 സ്ലീപ്പര്‍ സീറ്റുമാണുള്ളത് ഒരുബസിലുള്ളത്. എല്ലാ സീറ്റുകളിലും ബെര്‍ത്തുകളിലും ചാര്‍ജിങ് സൗകര്യം, മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പൗച്ച്, ചെറിയ ഹാന്‍ഡ് ബാഗേജുകള്‍ സൂക്ഷിക്കാന്‍ ലഗേജ് സ്‌പേസ് ഉള്‍പ്പെടെയുണ്ട്.- കൂടുതല്‍ സൗകര്യങ്ങളുള്ള ബസ് കൂടുതല്‍പേരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
നിലവിലെ മിന്നല്‍ ബസുകളുടെ വേഗതയില്‍ ഓടിക്കാനും അതേ സ്റ്റോപ്പുകളുമാണ് പരിഗണനയിലുള്ളത്. 10–10.30 മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തും. ഈ സമയം പാലിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. നോണ്‍ എസിക്ക് ടിക്കറ്റ് നിരക്ക് ഡീലക്‌സ് ബസിന്റെയും ബെര്‍ത്ത് നിരക്ക് കെഎസ്ആര്‍ടിസി ഗജരാജ ബസ് നിരക്കിനും തുല്യമാകും. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്ക് അറുപത് ഇലക്ട്രിക് ബസുകള്‍കൂടി പ്രഖ്യാപിക്കുന്ന ചടങ്ങും ഉദ്ഘാടന ദിവസം നടക്കും. സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റിന് കീഴിലാണ്. ഇതോടെ സ്വിഫ്റ്റ് ബസുകളുടെ എണ്ണം 359 ആയി ഉയരും.