കോട്ടയം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് ഏഴുമാസം കൊണ്ട് അരക്കോടിയോളം രൂപയുടെ വരുമാനം. മികച്ച പ്രതികരണവുമായാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ മുന്നേറുന്നത്. 46 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.സിക്ക് ഫീസിനത്തില്‍ ലഭിച്ചത്. ഇതില്‍ 11 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിയുടെ ലാഭമാണ്. ബാക്കിത്തുക മറ്റു ചിലവുകള്‍ക്കായും നീക്കിവെയ്‌ക്കേണ്ടി വന്നു. എന്നാല്‍ കൂടുതല്‍ ഡിപ്പോകളിലേക്ക് ഡ്രൈവിങ് സകൂള്‍ പ്രവര്‍ത്തനം വ്യപിപ്പിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കോട്ടയം ഉള്‍പ്പടെയുള്ള നഗരങ്ങളിലും കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചിട്ടില്ല. കോട്ടയത്ത് ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങുമെന്നു അറിയിച്ചെങ്കിലും ഇപ്പോഴും നടപടിയൊന്നുമായിട്ടില്ല.
സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തില്‍ 11 സ്ഥലങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി കെ.എസ്.ആര്‍.ടി.സി. സ്വീകരിച്ചത്. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ശാസ്ത്രീയമായി ഡ്രൈവിങ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിങ് പരിശീലനം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ ബാച്ചില്‍ തന്നെ 85% വിജയം കൈവരിക്കാനും കെ.എസ്.ആര്‍.ടി.സിക്കായിരുന്നു. സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനം വരെ ഇളവ് ലഭിക്കുന്നുണ്ട്. ഹെവി ഡ്രൈവിങ് പരിശീലനത്തിനു സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപ ഈടാക്കുന്നുണ്ട്. കാര്‍ ഡ്രൈവിങ്ങിന് 12,000 മുതല്‍ 14,000 വരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങള്‍ക്ക് 6000 രൂപ ഫീസ് വാങ്ങുന്നുണ്ട്.