കോഴിക്കോട് : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശബ്ദത കുറ്റസമ്മതമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎം കേരളത്തിൽ അക്രമവും അരാജകത്വവുമുണ്ടാക്കാൻ ശ്രമിക്കുന്നു. ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും സ്വാന്തന്ത്ര്യം നൽകാത്ത ഫാഷിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസിൽ അന്വേഷണ ഏജൻസികൾ കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ ഗൗരവമേറിയ ആരോപണങ്ങൾ ഉണ്ടായിട്ടും പൊലീസിന് അനക്കമില്ല. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം.
നാഷനൽ ഹെറാൾഡ് കേസിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ അക്രമം അഴിച്ചുവിടുന്നത് എന്തിനാണ്?. സോണിയ ഗാന്ധിയെ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. തെറ്റ് ചെയ്തതുകൊണ്ടാണ് ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കുന്നത് കോൺഗ്രസ്–ജിഹാദി കൂട്ടുകെട്ടാണ്. ഇഡി ചോദ്യം ചെയ്യലിനെ തകിടം മറിക്കാനാണ് അഗ്നിപഥ് വിഷയത്തിൽ അസ്ഥിരത സൃഷ്ടിക്കുന്നത്. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് പദ്ധതി ആശ്വാസകരമാണ്. സായുധ സേനയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഭാരതം ശിഥിലാമാവണമെന്നു ആഗ്രഹിക്കുന്നവരാണ് അക്രമത്തിനു പിന്നിലെന്നും കുമ്മനം പറഞ്ഞു.