മലപ്പുറം: മലപ്പുറത്ത് ദേശാഭിമാനി വാർഷികാഘോഷ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. കെ ടി ജലീൽ കൂടി പങ്കെടുക്കുന്ന സിമ്പോസിയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിനു പകരം മറ്റൊരു വിഷയത്തിലെ സെമിനാറിൽ പങ്കെടുക്കുമെന്നായിരുന്നു ഇന്ന് രാവിലെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്.
പിന്നീട് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അതിലും വരാൻ പറ്റില്ലെന്ന് സംഘടകരെ അറിയിക്കുകയായിരുന്നു. നാളെ വൈകീട്ടത്തെ ഏതെങ്കിലും പരിപാടിയിൽ എത്താൻ ശ്രമിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളും അസൗകര്യം ചൂണ്ടിക്കാട്ടി ഇന്നത്തെ സെമിനാറിൽ നിന്നും പിന്മാറിയിരുന്നു.
ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. കെ.ടി.ജലീലാണ് അധ്യക്ഷൻ. കുഞ്ഞാലിക്കുട്ടിക്കു പുറമേ ആര്യാടൻ ഷൗക്കത്ത്, ഡോ.ഷീന ഷുക്കൂർ, എം.സ്വരാജ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
നേരത്തെ ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണത്തിലും പിന്നീട് വിശദീകരണം വന്നിരുന്നു. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു.ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു.ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണത്തേക്കുറിച്ച് കുഞ്ഞാലിക്കുട്ടി വിശദമാക്കിയത്. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കിയിരുന്നു.