തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണെന്ന് മുസ്ലിം ലീഗ് നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. ഗവർണ്ണർ കേറി ഭരിക്കുകയാണ്. അത് അംഗീകരിച്ച് പോകാൻ പറ്റില്ല. സർവകലാശാല ഭരണത്തിൽ സർക്കാർ നടപടിയിൽ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷം എന്ന നിലയിൽ നേരിട്ടോളാം. എന്നാൽ മുൻപെങ്ങും കാണാത്ത ഇടപെടലാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണറെ നീക്കം ചെയ്യണമെന്ന നിലപാടിൽ ലീഗിന് മാറ്റമില്ല. ഗവർണറുടെ വാർത്താ സമ്മേളനങ്ങൾ അസാധാരണമാണ്. സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കാൻ. ചാൻസലർ നിയമനത്തിലും ഒന്ന് പോയി മറ്റൊന്ന് വരുന്ന സ്ഥിതി ഉണ്ടാകരുത്. അതിനാണ് പ്രതിപക്ഷം ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സർവകലാശാല ഭരണത്തിൽ പ്രതിപക്ഷത്തെ കേൾക്കുന്നേയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
സർവകലാശാലകളെ ഏകപക്ഷീയമായും യൂണിയൻ വത്കരിച്ചും മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തിൽ നിന്നും കലാപങ്ങളിൽ നിന്നും സർവകലാശാലകളെ മോചിപ്പിക്കണം. ഗവർണർ കയറി ഭരണമേറ്റാൽ നഖശിഖാന്തം എതിർക്കും. പകരം സംവിധാനമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 14 ആളിന് പകരം നിഷ്പക്ഷനായ ഒരു ചാൻസിലർ മതി. പ്രതിപക്ഷ നിലപാട് വളരെ ക്ലിയർ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.