കണ്ണൂർ: പയ്യന്നൂരിൽ രണ്ട് കോടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ തിരിച്ചെത്തിക്കാൻ വീണ്ടും ശ്രമം. കുഞ്ഞികൃഷ്ണൻ തെറ്റൊന്നും ചെയ്തിതില്ലെന്നും അദ്ദേഹം പാർട്ടിയിൽ മടങ്ങിയെത്തുമെന്നും ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. ഫണ്ട് തിരിമറി നടത്തിയ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനെതിരെ ശക്തമായ നടപടി ഇല്ലാതെ നിലപാട് മാറ്റില്ലെന്നാണ് ചർച്ചയ്ക്കെത്തിയ നേതാക്കളെ കുഞ്ഞികൃഷ്ണൻ അറിയിച്ചത്.
സിപിഎം പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, പാർട്ടി നടത്തിയ ചിട്ടി എന്നിവയിൽ നിന്നായി രണ്ടുകോടിയിലേറെ രൂപ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനനും പാർട്ടി ഭാരവാഹികളും ചേർന്ന് തട്ടിയെടുത്തു. ഇത് തെളിയിക്കുന്ന ബാങ്ക് രേഖകൾ സഹിതമാണ് അന്നത്തെ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. പരാതി പരിശോധിച്ച പാർട്ടി ടിഐ മധുസൂധനനെ ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്തിയതിനൊപ്പം പരാതി നൽകിയ വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന തനിക്കെതിരെ എന്തിന് നടപടി എടുത്തു എന്ന ചോദ്യം ഉയർത്തി കഴിഞ്ഞ അഞ്ചുമാസമായി പാർട്ടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ.
അഴിമതി കറ പുരളാത്ത കുഞ്ഞികൃഷ്ണനെ ബലിയാടാക്കി എന്ന വികാരം പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കിടയിലും നിലനിക്കുന്നതിനാൽ പുതിയ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുൻകയ്യെടുത്താണ് ചർച്ച . ജില്ല കമ്മറ്റി അംഗങ്ങൾ കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയെന്ന് സമ്മതിച്ച എംവി ജയരാജൻ കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി സഹകരിച്ച് തുടങ്ങിയെന്ന് അവകാശപ്പെട്ടു.
ഏരിയ സെക്രട്ടറി സ്ഥാനം തിരികെ നൽകാമെന്ന് നേതാക്കൾ വാഗ്ദാനം ചെയ്തെങ്കിലും തട്ടിപ്പ് നടത്തിയ എംഎൽഎ ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വരാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. ഫണ്ട് തട്ടിപ്പുനമായി ബന്ധപ്പെട്ട് പാർട്ടിക്ക് നൽകിയ തെളിവുകൾ കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളിലൂടെ പുറത്തു വിടുമോ എന്ന ആശങ്കയിൽ കൂടിയാണ് ഇപ്പോഴത്തെ അനുനയ നീക്കമെന്നറിയുന്നു.