തിരുവനന്തപുരം : കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ലീഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുകയാണവർ ചെയ്യുന്നത്.
മലപ്പുറം ലീഗ് ഹൗസിൽ മുസ്ലിംലീഗിന്റെ അടിയന്തര യോഗം ചേരുകയാണ്. പാർട്ടിയുടെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.