തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ കാർ അപകടം മൂന്ന് കുടുംബങ്ങൾക്ക് തീരാവേദനയായി മാറുകയാണ്. മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേരാണ് മരിച്ചത്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർ ഓടിയെത്തിയെങ്കിലും കാറിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനായില്ല. പിന്നീട് അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.കാറിലുണ്ടായിരുന്ന കോതമംഗലം സ്വദേശികളായ ഷംസുദ്ദീൻ, അരുൺ ജോസഫ് എന്നിവർക്കാണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. കോതമംഗലം തലക്കോട് പുത്തൻ കുരിശു സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ എൽദോസ് ജോണി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് പെരുമ്പിലാവിൽ അപകടം ഉണ്ടായത്. ഷംസുദ്ദീനും എൽദോസ് ജോണിയും അരുൺ ജോസഫും സഞ്ചരിച്ച കാർ ഷംസുദ്ദീനാണ് ഓടിച്ചിരുന്നത്. പെരുമ്പിലാവിൽ വെച്ച് മുന്നിലുള്ള വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുന്നംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ചാലിശ്ശേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു അപകടത്തിൽ പെട്ട കാർ. മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.