തൃശ്ശൂർ: കുന്ദംകുളത്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഇന്ന്അതിജീവിതയെ സന്ദർശിക്കും. കേസ് സംബന്ധിച്ച് പൊലീസിനോട് വനിത കമ്മീഷൻ വിവരങ്ങൾ തേടിയിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് യുവതി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനെയും ബന്ധുവിനെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്.
കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
ഒരു വർഷമായി പീഡനം തുടരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭർത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭർത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിന്റെ കൈയ്യിൽ കിട്ടിയതോടെ പീഡനത്തിന്റെ സ്വഭാവം മാറി. പീഡനത്തെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും യുവതി ചികിത്സ തേടുകയും ചെയ്തതോടെയാണ് ഭർത്താവ് പൊലീസ് പിടിയിലായത്. ഗാർഹിക പീഡനത്തിനും കേസ് ചുമത്തിയിട്ടുണ്ട്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.