കൊൽക്കത്ത : ‘കച്ച ബദാം’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപൻ ബാട്യാകറിന് കാറപകടത്തിൽ പരിക്കേറ്റു. അടുത്തിടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിൽ ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഭൂപനെ അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. തെരുവ് കച്ചവടത്തിനിടെ പാടിയ ‘കച്ചാബദം’ ഗാനത്തിലൂടെയാണ് ഭൂപനും ശ്രദ്ധയാകർഷിച്ചത്. ബദാം വിൽപനയ്ക്ക് ആളുകളെ ആകർഷിക്കാൻ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പാടിയും ചുവടുവെച്ചും കച്ചാ ബദാം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ കച്ചാബദാം ഗാനവും ഭൂപൻ ബാട്യകറും വൈറലായി. സെലിബ്രിറ്റികൾ വരെ കച്ചാ ബദാമിനു ചുവടുവച്ചു. കച്ചാ ബദാം ഗാനം റീമിക്സ് ചെയ്തു പുറത്തിറങ്ങിയപ്പോൾ 50 മില്യൺ കാഴ്ചക്കാരാണ് പാട്ട് കണ്ടത്. പാട്ടിന്റെ റോയൽറ്റിയായി മൂന്ന് ലക്ഷം രൂപ മ്യൂസിക് കമ്പനി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ കുറൽജുരി ഗ്രാമത്തിലെ ദുബ്രാജ്പുർ ബ്ലോക്കിലെ താമസക്കാരനാണ് ഭൂപൻ. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്റെ കുടുംബം. നിലക്കടല വിറ്റാണ് ഉപജീവനം നടത്തുന്നത്. എന്നാൽ പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതവും മെച്ചപ്പെട്ടു. തുടർന്ന് തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നും ബദാം വിൽപ്പന നിർത്തുകയാണെന്നും വ്യക്തമാക്കി ഭൂപൻ രംഗത്തെത്തിയിരുന്നു.