കുുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ഇതിനായി സമഗ്ര പരിശോധനകളും ശക്തമായ തുടര്‍ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് പറഞ്ഞു. ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന 1,150 വീടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേരുന്ന ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ ഖൈത്താന്‍ ഏരിയയില്‍ ഇതിനോടകം പരിശോധനകളും തുടങ്ങി. റെസിഡന്‍ഷ്യന്‍ ഏരിയകളില്‍ ആളുകള്‍ കുടുംബങ്ങളോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവണത ഇല്ലാതാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും നിര്‍ദേശം നല്‍കി. ആറ് മാസം നീണ്ടു നില്‍ക്കുന്ന പരിശോധനാ ക്യാമ്പയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ കാലയളവില്‍ വീടുകള്‍ കര്‍ശനമായി നിരീക്ഷിക്കുകയും പുതിയ പരാതികള്‍ ഉണ്ടാവുന്നുണ്ടോയെന്ന് പരിശോധിക്കുകയം ചെയ്യും. നിയമലംഘനങ്ങളുടെ സ്ഥിതി പരിശോധിക്കാന്‍ സാമൂഹിക നീതി മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്ത സംവിധാനത്തിന് രൂപം നല്‍കുകയും ചെയ്‍തിട്ടുണ്ട്.
കുവൈത്തിലെ മുനിസിപ്പല്‍കാര്യ മന്ത്രി ഫഹദ് അല്‍ ശുലയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ സ്വകരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ആക്ടിങ് ചെയര്‍മാന്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയെല്ലാം പരിശോധനകളില്‍ പങ്കാളികളാണ്. കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുക, നിയമലംഘനങ്ങള്‍ ഒഴിവാക്കുക, നിയമലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.