കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‍കൂളുകളില്‍ ലോഹ നിര്‍മിത ഫ്ലാസ്‍കുകള്‍ക്ക് വിലക്ക്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‍കൂളില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു എലിമെന്ററി സ്‍കൂള്‍ വിദ്യാര്‍ത്ഥി തന്റെ ലോഹ നിര്‍മിത ഫ്ലാസ് ഉപയോഗിച്ച് സഹപാഠിയെ ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് കുവൈത്തി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് ശേഷം ലോഹനിര്‍മിത ഫ്ലാസ്‍കുകള്‍ ഉപയോഗിക്കുന്നതിന് ചില സ്‍കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാം സ്‍കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിലക്ക് ബാധകമാണ്.