കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സമൂഹ വിരുദ്ധ സംഘത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്ദേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം പബ്ലിക് ലൈബ്രറിക്കുമുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴായിരുന്നു ആക്രമണം.
ഫോട്ടോ എടുക്കുന്നതിനിടെ ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സംഘം ചോദ്യംചെയ്തു. സമീപത്ത് പ്രവർത്തിക്കുന്ന ബങ്കിന്റെ ചിത്രം എടുത്തതാണെന്ന ധാരണയിൽ ഫോട്ടോ ഗ്രാഫറുടെ പക്കൽ നിന്ന് ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. റോഡിന്റെ മോശം അവസ്ഥ സംബന്ധിച്ച് വാർത്ത നൽകാനാണെന്നും അതിന്റെ ഭാഗമായാണ് റോഡിന്റെ ഫോട്ടോ എടുത്തതെന്നും പറഞ്ഞിട്ടും സംഘം അസഭ്യം പറഞ്ഞു കൊണ്ട് കൈയേറ്റത്തിനു ശ്രമിച്ചു. തുടർന്ന് വാർത്താ ശേഖരണത്തിനായി പോളയത്തോട് ഭാഗത്തേക്ക് ബൈക്കിൽ പോയ ഇരുവരെയും സായുധരായ മൂന്നംഗ സംഘം ബൈക്കിൽ പിൻതുടർന്നു. ഇത് മനസ്സിലാക്കിയ റിപ്പോർട്ടർ വിവരം കൊല്ലം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പോളയത്തോട് ശ്മശാനത്തിനു മുന്നിലെത്തിയപ്പോൾ അക്രമി സംഘം മാധ്യമ പ്രവർത്തകരുടെ ബൈക്ക് തടഞ്ഞ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവർ രക്ഷപെട്ടു. പരിക്കേറ്റ് റോഡിൽ കിടന്ന സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്ദേരിയെയും ഫോട്ടോഗ്രാഫർ സുധീർ മോഹനനെയും പൊലീസ് ജീപ്പിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അനിൽ മുകുന്ദേരിയുടെ പരിക്ക് ഗൃരുതരമാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് നിർഭയം ജോലി ചെയ്യാനുള്ള അവസരമുണ്ടാകണം. അക്രമി സംഘത്തിലെ എല്ലാവരെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ജി. ബിജു, സെക്രട്ടറി സനൽ.ഡി. പ്രേം എന്നിവർ ആവശ്യപ്പെട്ടു.