തൃശൂർ: പ്രമുഖ വ്യവസായിയും കാപ് ഇന്ത്യ എം.ഡിയും സംസ്ഥാനത്ത് സാമുദായിക, സാമൂഹിക രംഗത്ത് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തിരുന്ന കുരിയച്ചിറ ‘നിശാന്തി’ൽ താമസിക്കുന്ന കരുവന്നൂർ സ്വദേശി കടുങ്ങാട്ടുപറമ്പിൽ കെ.വി. മുഹമ്മദ് സക്കീർ (77) നിര്യാതനായി. തൃശൂർ ദയ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 12.15നായിരുന്നു അന്ത്യം.
പെരുമ്പിലാവ് അൻസാർ സ്കൂൾ ഡയറക്ടർ, തൃശൂർ സകാത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്, തൃശൂർ ഹിറ മസ്ജിദുമായി ബന്ധപ്പെട്ട ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കരുവന്നൂർ ദാറുസ്സലാം, തൃശൂർ ചേറൂർ എം.ഇ.എ എന്നിവയുടെ ചെയർമാനാണ്. എം.ഇ.എസിന്റെ ആദ്യകാല പ്രവർത്തകനാണ്. മജ്ലിസ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണൽ ചെയർമാൻ, വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് വരന്തരപ്പിള്ളി ശാഖ ചെയർമാൻ, അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അഡോപ്റ്റ് ചെയർമാൻ, ഫോറം ഫോർ കമ്യൂണൽ ഹാർമണി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ പഠനത്തിനുശേഷം കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് സിവിൽ എൻജിനീയറിങ് ബിരുദമെടുത്തു. തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ കൺസ്ട്രക്ഷൻ കമ്പനി സ്ഥാപിച്ചു. പിന്നീട് നാട്ടിലെത്തി ബംഗളുരൂ ആസ്ഥാനമായി കാപ് ഇന്ത്യ കൺസ്ട്രക്ഷനും ടൈൽ ഫാക്ടറിയും ആരംഭിക്കുകയായിരുന്നു. തൃശൂർ, കർണാടക തുമകൂരു, മൈസൂരു, കോലാർ, ആന്ധ നെല്ലൂർ എന്നിവിടങ്ങളിലെ ടൈൽ ഫാക്ടറി ഡയറക്ടറും തൃശൂർ സിറ്റി സെന്റർ ഡയറക്ടറുമാണ്. തൃശൂർ അക്വാറ്റിക് ക്ലബ് സ്ഥാപക ഡയറക്ടറാണ്.
എറണാകുളം കേന്ദ്രമായുള്ള ഫോറം ഫോർ ഫ്രറ്റേണിറ്റി സ്ഥാപക ചെയർമാനാണ്. തൃശൂർ റോട്ടറി ക്ലബ്, ജേസീസ് എന്നിവയുടെ ഭാരവാഹിയായിരുന്നു. തൃശൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ ഡയറക്ടറുമാണ്. മികച്ച ഫുട്ബാളറായിരുന്നു അദ്ദേഹം ടി.കെ.എം. കോളജ് ടീം അംഗമായിരുന്നു.
ഭാര്യ: എടവനക്കാട് കിഴക്കേവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകൾ ഖദീജ. മക്കൾ: യാസിർ സക്കീർ, ലാമിയ, നിബൂദ (അമേരിക്ക). സഹോദരന്മാർ: കെ.വി. യൂസുഫലി, അശ്റഫ് ഹുസൈൻ, പരേതനായ സാമൂഹിക പ്രവർത്തകൻ അബ്ദുൽ അസീസ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.