തിരുവനന്തപുരം : അംഗത്വ ക്യാമ്പയിൻ ഗൗരവത്തിലെടുത്തില്ലെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗം. കേന്ദ്ര നേതൃത്വം നിർദേശിച്ച സമയം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് വിമർശനം. കെ വി തോമസ്, പി ജെ കുര്യൻ വിഷയങ്ങളിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കട്ടെയെന്നും യോഗത്തിൽ തീരുമാനമായി. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക്, കെ വി തോമസിനെ ക്ഷണിച്ചിരുന്നില്ല. അച്ചടക്കലംഘനത്തിൻറെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിൻറെ വിശദീകരണം. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിൻറെ നടപടിയും യോഗങ്ങളിൽ ചർച്ചയായി. മുതിർന്ന നേതാവ് പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അംഗമാണ്.
ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനമാണ് പി ജെ കുര്യാക്കോസ് ഉന്നയിച്ചത്. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നുവെന്നാണ് പി ജെ കുര്യൻ വിമര്‍ശിച്ചത്. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പി.ജെ.കുര്യന്‍ പറഞ്ഞിരുന്നു. അതൃപ്തിയെ തുടര്‍ന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു. ഉന്നയിച്ച പരാതികള്‍ പരിഹരിക്കാത്തതിലാണ് മുല്ലപ്പള്ളിക്ക് അതൃപ്തി. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍.