കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വികസനത്തിനായി നില്‍ക്കുന്നവര്‍ക്കൊപ്പമെന്ന് കെ.വി.തോമസ്. ഇഫ്താറില്‍ ഒരുമിക്കാമെങ്കില്‍ വികസനത്തിനായി ഒരുമിച്ച് ഇരിക്കാനാകും. പ്രചാരണത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടിട്ടില്ല. ഉമ തോമസിനെ വ്യക്തപരമായി ഇഷ്ടമാണെന്നും പക്ഷേ വ്യക്തിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്നും കെ.വി.തോമസ് പറഞ്ഞു.
ഈ മാസം 31നാണ് ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്നു തൃക്കാക്കര മണ്ഡലത്തിൽ ഡിസംബർ 22 മുതൽ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പി.ടി.തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കോൺഗ്രസിൽ ഉയർന്നു കേൾക്കുന്നത്. 2021 മേയിൽ നിലവിൽ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. ബിജെപിയും എൽഡിഎഫും ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് നീക്കം. ട്വന്റി 20 ഉൾപ്പെടെയുള്ള പാർട്ടികൾ മത്സരത്തിൽ സ്ഥാനാർഥികളെ നിർത്തുമെന്നാണ് വിവരം.












