ആലപ്പുഴ : മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെത് നിർഭാഗ്യകരമായ നിലപാടെന്ന് രമേശ് ചെന്നിത്തല. കെ വി തോമസിന്റെ പ്രവർത്തി പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കിയെന്നും ചെന്നിത്ത കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനന്‍റെ തിരക്കഥയാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല കെ വി തോമസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കാലുമാറ്റത്തിന് പ്രേരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയെ വലിയവനാക്കി ചിത്രീകരിച്ചു. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച് നിലപാടല്ല. തോമസ് പോയതിൽ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ വി തോമസ് പോയാൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വീര്യം ചോരില്ല. കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് സിപിഎം ശ്രമം. പാർട്ടി അച്ചടക്കം ലംഘിച്ച തോമസിന് ഇനി പാർട്ടിയിൽ സ്ഥാനമില്ല. പാർട്ടിയിൽ നിന്ന് വിലക്കില്ലാത്തപ്പോളായിരുന്നു മുൻപ് കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ സാഹചര്യം മാറി. കെ വി തോമസിന്റെ പ്രവർത്തി നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരൻ എംപിയും കുറ്റപ്പെടുത്തി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്നും മുരളീധരൻ വിശദീകരിച്ചു. സിപിഎം വേദിയിലെത്തി കെ വി തോമസ് പിണറായി സ്തുതി നടത്തി. ഇത് ചെയ്യാൻ പാടില്ലായിരുന്നു. വിലക്ക് ലംഘിച്ചതിന് കോൺഗ്രസ് നടപടിയെടുക്കണം. ഇല്ലെങ്കിൽ സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന പാർട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോട് ചെയ്യുന്ന നീതികേടാകുമെന്നും മുരളീധരൻ പറഞ്ഞു.
കെ വി തോമസ്, ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തി. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കോൺഗ്രസിൽ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാവാം തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കെ വി തോമസ് ഒരു വർഷമായി സിപിഎമ്മുമായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച മുരളീധരൻ, തനിക്ക് അത്തരം ചർച്ചകളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു.