ന്യൂഡൽഹി: വാർത്താചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. ഈ വിഷയത്തിൽ ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷനും (എൻബിഡിഎ) ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് ഫെഡറേഷനും (എൻബിഎഫ്) തമ്മിലുള്ള കിടമത്സരത്തിൽ താൽപ്പര്യമില്ലെന്നും ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിലവിലുള്ള സംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ ആഞ്ഞടിച്ചിരുന്നു. ഹൈക്കോടതി നിരീക്ഷണങ്ങൾക്ക് എതിരെ എൻബിഡിഎ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച സുപ്രീംകോടതി ഇതിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണെന്നും നിരീക്ഷിച്ചു. ഈ വിഷയത്തിൽ മാർഗരേഖ തയ്യാറാക്കാൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ് അതോറിറ്റി (എൻബിഡിഎസ്‌എ) ചെയർപേഴ്‌സൺ ഉൾപ്പടെയുള്ളവരുമായികൂടി ആലോചിക്കാനും നിർദേശിച്ചു.
തിങ്കളാഴ്‌ച കേസ് പരിഗണിച്ച അവസരത്തിൽ എൻബിഡിഎയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ മാർഗരേഖ തയ്യാറാക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, എൻബിഡിഎ രജിസ്റ്റർ ചെയ്‌തിട്ടുള്ള സ്ഥാപനമല്ലെന്നും ഐടി ചട്ടപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള എൻബിഎഫിനാണ് മാർഗരേഖ തയ്യാറാക്കാനുള്ള അധികാരമെന്നും അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ്‌ജഠ്‌മലാനി വാദിച്ചു. ഈ സാഹചര്യത്തിലാണ് ചാനൽ സംഘടനകളുടെ തമ്മിലടിയിൽ താൽപ്പര്യമില്ലെന്ന് കോടതി പ്രതികരിച്ചത്. ദൃശ്യമാധ്യമ, ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്‌മയായ (എൻബിഡിഎ)കീഴിലുള്ള സ്വതന്ത്രസംവിധാനമാണ് എൻബിഡിഎസ്‌എ. വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളെക്കുറിച്ചുള്ള പരാതി പരിശോധിച്ച് തീരുമാനം എടുക്കുന്നത് ഈ സംവിധാനമാണ്.