വിശാഖപട്ടണം: സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി ശാരീരിക വളർച്ചയുണ്ടാകാൻ അമ്മ മകൾക്ക് ഹോർമോൺ ഗുളികകൾ നൽകിയത് നാലുവർഷം. ആന്ധ്രപ്രദേശിലെ വിജയ നഗരം സ്വദേശിയായ 16 കാരിക്കാണ് അമ്മ ഹോർമോൺ ഗുളികകൾ നൽകിയത്. പെൺകുട്ടിയെ ആന്ധ്രപ്രദേശിലെ ബാലാവകാശ കമ്മീഷൻ ഇടപെട്ട് മോചിപ്പിച്ചു.
ഗുളികകൾ കഴിച്ചാലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ സഹിക്കാൻ കഴിയാതായതോടെ പെൺകുട്ടി തന്നെയാണ് ചൈൽഡ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചത്. ഗുളിക കഴിക്കാൻ തയാറായില്ലെങ്കിൽ അമ്മ ഉപദ്രവിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു. വിവാഹ മോചിതയായ അമ്മക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ രണ്ടാം ഭർത്താവ് അടുത്തിടെ മരിച്ചു.
”ശരീര വളർച്ച കൂട്ടുന്നതിനായി ചില ഗുളികകൾ കൂടുതൽ അളവിൽ അമ്മ നൽകിവന്നു. ആ ഗുളികകൾ കഴിക്കുമ്പോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീർത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ്.” –പെൺകുട്ടി പറഞ്ഞു. ഗുളിക കഴിച്ചില്ലെങ്കിൽ അമ്മ മർദ്ദിക്കും. ചിലപ്പോൾ വൈദ്യുത ഷോക്ക് വരെ അടിപ്പിക്കുമെന്നും പെൺകുട്ടി വിവരിച്ചു.
വ്യാഴാഴ്ചയാണ് പെൺകുട്ടി പരാതി നൽകിയത്. വെള്ളിയാഴ്ച ബാലാവകാശ കമ്മീഷൻ അധികൃതർ വീട്ടിലെത്തി പെൺകുട്ടിയെ കൊണ്ടുപോയി. ആദ്യം 112ൽ വിളിച്ചാണ് പെൺകുട്ടി സഹായം തേടിയത്. പ്രതികരണം ലഭിക്കാഞ്ഞപ്പോൾ മറ്റൊരാളുടെ സഹായത്തോടെ 1098ൽ വിളിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ ബാലാവകാശ കമ്മീഷൻ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിൽ അവസരം ലഭിക്കാൻ വീട്ടിലെത്തുന്ന സംവിധായകർ അടക്കമുള്ളവരോട് അടുത്തിടപഴകാനും അമ്മ നിർദേശിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ സൂചിപ്പിച്ചിരുന്നു.