കോഴിക്കോട് : കൊവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്ന് ലാബ് ഉടമകളുടെ സംഘടന. ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.
ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സമരത്തിലേക്ക് നീങ്ങുകയാണ്.ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ് വരുന്നത്. സർക്കാരിന്‍റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പത്തെ നിരക്ക്. ഞങ്ങളെ തോക്കിൻ മുനയിൽ നിർത്തി പരിശോധന നടത്താൻ ആവശ്യപ്പെടുന്നതിന് തുല്യമാണ് പുതിയ കുറച്ച നിരക്കെന്നാണ് ലാബ് ഉടമകളുടെ നിലപാട്. ലാബ് ഉടമകളോട് കൂടി കൂടിയാലോചന നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം.ആർടിപിസിആർ നിരക്ക് 900 രൂപയും, ആന്റിജൻ പരിശോധനയ്ക്ക് 250 രൂപയും എങ്കിലുമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഫെബ്രുവരി 14ന് സംസ്ഥാനത്തെ ഡിഎംഒ ഓഫീസുകൾ ഉപരോധിക്കുമെന്നും സംഘടന അറിയിച്ചു.