തിരുവനന്തപുരം : ആശാവർക്കേഴ്സിന്റെ സമരത്തെ തള്ളി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ആശാവർക്കേഴ്സിനോട് സർക്കാർ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തു. ആരോഗ്യമന്ത്രി അഞ്ചു തവണ ചർച്ച നടത്തി. ഇനി വിട്ടുവീഴ്ച ചെയ്യാനില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്നും അവർ തന്ന നിവേദനം കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്തെ ചർച്ചയിൽ ആരോഗ്യമന്ത്രി അവതരിപ്പിച്ച പ്രശ്നങ്ങൾ ആശാവർക്കേഴ്സിനോട് പറഞ്ഞു. അവർ വീണ്ടും ആലോചിക്കാമെന്ന് ചർച്ചയിൽ അറിയിച്ചു. സർക്കാരും ആലോചിക്കാമെന്ന് അവരെ അറിയിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇനി ഒരു ധാരണ ഉണ്ടാക്കിയിട്ട് കൂടിക്കാഴ്ച നടത്തിയാൽ മതി.
അഞ്ചു തവണ ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ട് തവണ കേന്ദ്ര സർക്കാരിനെ കാണാൻ വേണ്ടി പോയി. ഒരു സമരം ഒത്തുതീർപ്പാക്കാൻ ഒരു മന്ത്രി മുൻകൈയെടുക്കുകയെന്നത് വലിയ കാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ ഏറ്റവും അധികം വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള വ്യവസ്ഥയാണ് മുന്നിൽ വെച്ചത്. ഇനി മറ്റേത് സർക്കാരായാലും ഇതിനപ്പുറം ഒരു വ്യവസ്ഥ ഉണ്ടാകാൻ വേണ്ടി പോകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.