കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷൻ മുന്നൊരുക്കം തുടങ്ങി. ഇതിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധനക്ക് ശേഷമുള്ള മോക്പോൾ കോഴിക്കോട് കലക്ടറേറ്റിൽ നടന്നു. സിവിൽ സ്റ്റേഷന് സമീപത്തെ ഇ.വി.എം ഗോഡൗണിലായിരുന്നു പരിശോധന.
ചീഫ് ഇലക്ഷൻ കമീഷണറുടെ നിർദേശ പ്രകാരമാണ് വോട്ടുയന്ത്രങ്ങളുടെ പരിശോധന നടത്തിയതെന്ന് ഡെപ്യൂട്ടി കലക്ടർ കെ. ഹിമ അറിയിച്ചു. ജില്ല ഇലക്ഷൻ ഓഫിസറായ കലക്ടർ എ. ഗീതയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട് കലക്ടറേറ്റിൽ ആരംഭിച്ച മോക്പോൾ ഉച്ചക്കുശേഷം മൂന്നരയോടെയാണ് അവസാനിച്ചത്. വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജൂൺ ഒന്നുമുതൽ നടന്നുവരുകയാണ്. പ്രാഥമിക ഘട്ട പരിശോധന പൂർത്തിയാക്കിയ യന്ത്രങ്ങളുടെ അഞ്ച് ശതമാനമാണ് മോക്പോളിന് വിധേയമാക്കിയത്. ഇതോടെ പരിശോധന പൂർത്തിയായി.
ഏറ്റവും ഗുണമേന്മയുള്ള യന്ത്രങ്ങൾ മാത്രമാണ് വോട്ടിങ്ങിന് ഉപയോഗിക്കുകയെന്ന് ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി. തകരാറിലായ 50ഓളം വോട്ടുയന്ത്രങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങളുടെ പരിശോധനയാണ് നടത്തിയത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമുതൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹം ശക്തമാണെങ്കിലും ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗികമായി നടപടികൾ സ്വീകരിക്കുന്നത്. മാർച്ച് അവസാന വാരത്തിലാണ് വയനാട് എം.പിയായിരുന്ന രാഹുല് ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ഇതിനുപിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഹുൽ ഗാന്ധിക്ക് ആറുവർഷത്തേക്ക് വിലക്കുണ്ട്.