കൊച്ചി: ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മുന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈല പറഞ്ഞത്. എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഒരുവർഷം മുമ്പാണ് ഷാഫി തന്നോട് പറഞ്ഞത്. ഇലന്തൂരെ വീടിന്‍റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇത്.
കൊലപ്പെടുത്തയശേഷം മനുഷ്യമാസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും ലൈല മൊഴി നൽകി. എന്നാൽ ഇലന്തൂരെ ദമ്പതികളെ വിശ്വിപ്പിക്കാൻ താൻ പറഞ്ഞ കളളമാണിതെന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഷാഫിയുടെ മറുപടി. രണ്ടാമത്തെ നരബലി സമയത്ത് പ്രതികൾ കാളീപൂജ നടത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി. പദ്മയെ കൊലപ്പെടുത്തിയസമയം തലയ്ക്ക് പിറകിലായി കാളീചിത്രം വെച്ച് അതിനുമുന്നിൽ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ധങ്ങളിലുണ്ടെന്നാണ് ഭഗവൽ സിംഗ് ചോദ്യം ചെയ്യലിൽ മറുപടി നൽകിയത്.
പ്രതികൾ ഒരു പാടുകാര്യങ്ങൾ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളിൽ വസ്തുതതയുണ്ടെന്ന് പരിശോധിച്ച് വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
നരബലിക്ക് പിന്നില്‍ അവയവ മാഫിയയെന്ന പ്രചാരണം പൊലീസ് തള്ളി. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവം മാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇരട്ട കൊലപാതകത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. കൂടുതൽ ഇരകളുണ്ടോയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.