തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഉൾപ്പെടെ കാലഹരണപ്പെടുന്ന ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനുള്ള തീരുമാനം ഇന്ന് മന്ത്രിസഭായോഗം കൈക്കൊണ്ടേക്കും. ഓർഡിനൻസിൻ്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ യോഗത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്. അധികാര സ്ഥാനത്തിരിക്കുന്നവരുടെ അഴിമതിക്കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും, ബന്ധപ്പെട്ട അധികാരികൾക്ക് ഹിയറിംഗ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നാണ് നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി. ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമർശിച്ചിരുന്നു.
ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെയാണ് വിവാദത്തിന് താത്കാലിക ശമനമായത്. ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണർ ഒപ്പിട്ടത്. പിന്നീട് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് അറിയിച്ചു.