ദില്ലി : ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല.
ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യു.പി സര്‍ക്കാരിന് കത്തെഴുതി. ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാര്‍ ജെയിനും ശുപാര്‍ശ ചെയ്തിരുന്നു. അപ്പീല്‍ നല്‍കാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് വിമര്‍ശനവും നേരിട്ടിരുന്നു. ആശിഷ് മിശ്രയ്‌ക്കെതിരെയുള്ള കുറ്റങ്ങള്‍ ഗുരുതരമാണെന്ന് പറയുമ്പോള്‍ തന്നെ, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന നിലപാടാണ് യു.പി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ചത്.