മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത് തട്ടിപ്പ് നടത്തിയ പ്രതികളെ തമിഴ്‌നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി പട്ടൻമാർതൊടിക റംലത്ത് (24)എന്നിവരാണ് പിടിയിലായത്.
മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിഐപി ഇൻവെസ്റ്റ്‌മെൻറ് എന്ന വാട്‌സാപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പർ അതിൽ കൂട്ടി ചേർത്ത് അത് വഴി ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഇതെ തുടർന്ന് ജില്ലാപോലീസ് മേധാവി മങ്കട എസ്.ഐ സികെനൗഷാദിൻറെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത്തരത്തിൽ നിരവധി വാട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി നിരവധിയാളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചുവരുന്ന പൊൻമള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്, ഭാര്യാസഹോദരൻ മാവണ്ടിയൂർ സ്വദേശി പട്ടർമാർതൊടി മുഹമ്മദ് റാഷിദ് എന്നിവരെ കുറിച്ച് സൂചന ലഭിക്കുന്നത്. റംലയുടെ സഹോദരൻ റാഷിദ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.