കാസർകോട്: കാഞ്ഞങ്ങാട്ട് സ്കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 67 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. സ്കൂട്ടറില്‍ 67.5 ലക്ഷം രൂപ കടത്തിയ കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി നാലുപുരപ്പാട്ടില്‍ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴല്‍പ്പണം കടത്തിയ KL 14 T 9449 നമ്പര്‍ സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍റേയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്‍റേയും നേതൃത്വത്തിലായിരുന്നു പരിശോധന.വിഷുവും പെരുന്നാളും പ്രമാണിച്ച് വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണമാണിതെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള പണമാണിത്. ചിത്താരി മുതല്‍ പയ്യന്നൂര്‍ വരെ വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നാണ് അറസ്റ്റിലായ ഹാരിസ് നല്‍കിയിരിക്കുന്ന മൊഴി.
ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്‍റെ ഭാഗമായി സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇടക്കിടെ മിന്നല്‍ വാഹന പരിശോധനകള്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചത്. വിശദമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് പൊലീസ്.