കൊച്ചി: ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ലെന്ന് മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. ജനാധിപത്യ സംവിധാനം പൂർണമായും ഇല്ല. ഒരു വർഷമായി പഞ്ചായത്ത് സംവിധാനമേ ഇല്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപിൽ ഇല്ലാത്ത സാഹചര്യമാണെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. വീണ്ടും എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ഫൈസൽ.
തനിക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോക്സഭ സെക്രട്ടറിയേറ്റ് നടപടി തിടുക്കത്തിലുള്ളതാണ്. തനിക്കെതിരെ ഹൈക്കോടതി വിധി വന്ന് അന്ന് രാത്രി തന്നെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. സർക്കാരിനെതിരെ സംസാരിക്കുന്നവരെ മാറ്റി നിർത്തുക എന്ന ലക്ഷ്യം മാത്രമാണ് വിധിക്ക് പിന്നിലുള്ളതെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുഹമ്മദ് ഫൈസലിനുവേണ്ടി അഭിഭാഷകൻ കെ.ആർ ശശി പ്രഭുവാണ് ഹർജി സമർപ്പിച്ചത്. ഫൈസലിന് വേണ്ടി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഈ മാസം ഒൻപതിനാണ് ഹർജി പരിഗണിക്കുന്നത്.