പാറ്റ്ന: ബിഹാറിലെ ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂറോളം ചോദ്യം ചെയ്താണ് വിട്ടയച്ചത്. നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് ചേക്കേറി മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ഇഡി ലാലു പ്രസാദിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.
രാവിലെ 11.30 യോടെയാണ് ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ആരോഗ്യം മോശമായ ലാലു പ്രസാദ് യാദവിന് ഭക്ഷണം വാരിക്കൊടുക്കണമെന്നും എന്നാല്‍ അതിന് ഇഡി അനുവദിച്ചില്ലെന്നും മകള്‍ മിസ ഭാരതി പിന്നാലെ പരാതിയുമായി രംഗത്തെത്തിയിരുന്നു. നാളെ തേജസ്വി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായ സമയത്ത് ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് കോഴയായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയതില്‍ തെളിവുണ്ടെന്ന സിബിഐ കണ്ടെത്തലാണ് ഇഡി കേസിനും ആധാരം.
അതേസമയം നിതീഷ് കുമാറിന്‍റെ അഭാവം പരിഹരിക്കാന്‍ ആര്‍എല്‍ഡി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയിലെ ഒരു വിഭാഗം, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് മഹാസഖ്യം നോക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്ന ആര്‍ജെഡിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടിയാണ് ലാലുവിനും തേജസ്വിക്കുമെതിരായ ഇഡി നടപടിയെന്ന് പ്രതിപക്ഷം കരുതുന്നു. കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ചാഞ്ചാടി നില്‍ക്കുന്നതും പ്രതിപക്ഷ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട്.