പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡിസംബർ അഞ്ചിനു സിംഗപ്പൂരിലെ ആശുപത്രിയിൽ നടക്കും. സിംഗപ്പൂരിൽ മകൾ രോഹിണി ആചാര്യയുടെ വസതിയിലെത്തിയ ലാലുവിനെ ഡിസംബർ മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. മകൾ രോഹിണി ആചാര്യയാണ് പിതാവിനു വൃക്ക നൽകുന്നത്.
ലാലുവിനൊപ്പം പത്നി റാബ്റി ദേവിയും മകൾ മിസ ഭാരതിയും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. മകൻ തേജസ്വി യാദവ് ശസ്ത്രക്രിയയ്ക്കു മുൻപു സിംഗപ്പൂരിലേക്കു പോകും. ലാലുവിന്റെ വൃക്കയുടെ പ്രവർത്തനം തീരെ മന്ദഗതിയിലായതിനെ തുടർന്നാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദേശിച്ചത്.പ്രമേഹവും രക്തസമ്മർദ്ദവുമുൾപ്പെടെയുള്ള രോഗങ്ങളും ലാലുവിനെ അലട്ടുന്നുണ്ട്. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ലാലുവിനു റാഞ്ചിയിലെ ജയിൽവാസ കാലത്താണ് ആരോഗ്യനില മോശമായത്.